Total Pageviews

Sunday, November 03, 2024

മില്ലേനിയം സുന്ദരർ റിവ്യൂ

നമ്മുടെ സ്വന്തം അപ്പൂട്ടൻ : കഥാപാത്രങ്ങളുടെ പേരുകൾ കൊണ്ടു വ്യത്യസ്തത  പ്രകടമാക്കുന്ന കഥ. വ്യവസ്ഥയിൽ മാറ്റം
ജനങ്ങളുടെ  കാണാനുള്ള അഭിവാഞ്ച, മാറ്റം  സാധ്യമാക്കുന്നതിലെ കഷ്ടത മൂലം ഉള്ള സാധാരണ ജനങ്ങളുടെ
പിന്മാറ്റം, വരും തലമുറ മാറ്റം വരുത്താനുള്ള ചുമതല ഏറ്റെടുക്കും എന്ന പ്രതീക്ഷ  എന്നീ പ്രമേയങ്ങൾ മുഴച്ചു നിൽക്കുന്നു. 
ഋജു രേഖയിൽ വിവരിക്കാൻ കഴിയാത്ത ഏതു നാട്ടിലെയും പോലെ നിലനിൽക്കുന്ന സ്നേഹ ഹൃദയ ബന്ധങ്ങളുടെ നേർകാഴ്ച ആയി ഈനാശു - അപ്പൂട്ടൻ കുടുംബ ബന്ധങ്ങൾ . സതീഷേട്ടൻ്റെ പ്രഖ്യാപിത തത്വമായ - in a gentle way, you can shake the world ആണ് ഈ കഥയിൽ അരച്ചു ചേർത്ത തത്വ ശാസ്ത്രം .. രസകരമായ വിവരണം.

ഷോർട്‌സിട്ട പെൺകുട്ടികൾ : 

മലയാളിയുടെ പൊതു സ്വഭാവം എന്ന് പലരും ആരോപിക്കുന്നതും  , എന്നാൽ ഒരു പരിധി വരെ സത്യവും ആയ ലൈംഗിക ദാരിദ്ര്യവും , കപട സദാചാര ബോധവും തൊലിയുരിച്ചു കാണിക്കാൻ ആയി കഥാകൃത്ത് ഉപയോഗിച്ച പ്രമേയമായി തോന്നി .  തുടകളെ കാണാൻ വെമ്പുന്ന  അടങ്ങാത്ത ലൈംഗിക തൃഷ്ണ യുടെ ചിത്രീകരണം 
 ഒരു സംസ്കാരത്തിൻ്റെ നേരെയുള്ള മുഖമടച്ച അടിയാണ്, അത് 
 ഓരോ വായനക്കാരനെയും ഇരുത്തി ചിന്തിപ്പിക്കും, അതു സ്വയം നവീകരണത്തിന് ഇടയായി തീരട്ടെ.


എഴുത്തും വായനയും കലാരൂപങ്ങളും മനുഷ്യനെ എങ്ങനെ മോചിപ്പിക്കുന്നു എന്നത് കൃത്യമായി അരവിയിലൂടെ അടയാളപ്പെടുത്തുന്നു.
സ്വന്തം ഭംഗി തിരിച്ചറിയാൻ ആവാതെ നിൽക്കുന്ന നാടിനെ ചില ബാഹ്യ കണ്ണുകൾ കണ്ണ് തുറപ്പിക്കുന്നു എന്ന സന്ദേശം ഇതിലുണ്ട്. കുടുംബശ്രീ, നാട്ടിലെ സഹകരണ പ്രസ്ഥാനം, കേരള ഭക്ഷണ മേന്മ,  അതിഥികളോട് ഇഴുകിച്ചേരൽ,  അമ്മാവൻ സംസ്കാരം, സമൂഹമാധ്യമ ഒളിഞ്ഞു നോട്ടങ്ങൾ,
ഓട്ടോക്കാരന് ചായ പകരുന്നതിലൂടെ അനു വാചകരിലേക്ക് പകരുന്ന സമഭാവന എന്നിവ മികച്ച ചേരുവകളാണ് .


അതിലെ ഒരു ക്ലീഷെ : ഇങ്ങനെ ഉയർന്ന ചിന്തകൾ ഉള്ള നായക കഥാപാത്രം , ജീവിതത്തിൽ എന്നും സാമ്പത്തിക പരാജയവും പ്രയോഗികതയിൽ വട്ട പൂജ്യം ആയിരിക്കും എന്നതാണ്. കഥാകൃത്തിൻ്റെ ഈ ക്ലീഷേ കഥാപാത്രസൃഷ്ടി അല്പം നിരാശപ്പെടുത്തി എന്ന് പറയാതെ തരമില്ല.


കോഡിങ്: 
ഒരു എഞ്ചിനീയറിംഗ് കോളജ് പച്ഛാത്തലത്തിൽ നടക്കുന്ന കഥ . കോളജ് ക്യാമ്പസുകളിൽ മുഖ്യധാരയിലേക്ക് വരാൻ ഒത്തിരി പരിമിതികൾ ഉള്ള കുട്ടികൾ നമ്മുടെ പലരുടെയും കാഴ്ചകളോ അനുഭവങ്ങളോ ആയിരിക്കും.. ടൂർ പോകാം എന്ന് പറയുമ്പോ അതിനും പണം വീട്ടിൽ  ചോദിക്കേണ്ടി വരുമല്ലോ എന്ന് ഓർത്തു മുഖത്തെ പ്രകാശം അണഞ്ഞു പോകുന്ന കൗമാര യൗവനങ്ങൾ ചുരുങ്ങിയ പക്ഷം ഗവൺമെൻ്റ് എഞ്ചിനീയറിംഗ് കോളേജ് കളിൽ എങ്കിലും കാണുന്ന കാഴ്ച്ചയാണല്ലോ . ദളിത് പശ്ചാത്തലത്തിൽ നിന്ന്  വരുന്ന കുട്ടിയുടെ ക്ലാസ്സിലെ മറ്റു കുട്ടികളോടുള്ള  കൊടുക്കൽ വാങ്ങലുകൾ മനോഹരമായി ചിത്രീകരിക്കാൻ കഥാകാരന് സാധിച്ചു. കോഡിംഗ് എന്ന പ്രവർത്തിയെ പരസ്പരം കരുതുന്ന ഒരു പ്രവർത്തിയായി മാറ്റാൻ  അതിനെ കേവല സാങ്കേതികവും യാന്ത്രികമായ പ്രവർത്തി എന്ന തലത്തിൽ നിന്ന് മോചനം നൽകാനും സാധിച്ചു. കാമ്പസിൻ്റെ പ്രണയചപലതകളും, സഹോദര തുല്യമായ കരുതലും , പ്രധാന കഥാപാത്രത്തിൻ്റെ സാമൂഹ്യ പ്രതിബദ്ധതയും വരച്ച് 
കാണിച്ചപ്പോഴും ക്യാംപസിലും പുറത്തും പ്രധാന കഥാപാത്രത്തിൻ്റെ ജീവിതത്തിലും വർഗ സമീപനങ്ങൾ ഇല്ലാത്തത് വർഗരാഷ്ട്രീയത്തിൻ്റെ കേരള സമൂഹത്തിലെ പിൻമടക്കമാണോ കാണിക്കുന്നത് എന്ന് ആശങ്കപ്പെട്ടു പോകുന്നു .


വേനലിലും വറ്റാത്ത പുഴ : 

"കാട്ടിലെ തടി , തേവരുടെ ആന , വലിയെടാ വലി" ഇതാണല്ലോ സർക്കാർ തലത്തിലെ അഴിമതിക്കും കെടുകാര്യസ്ഥതക്കും നമ്മൾ നാട്ടിൽ പറയുന്നത്.  അതിനൊരു ഭാഗിക പര്യായ പദമായി ഈ കഥയുടെ തലക്കെട്ട് മാറുന്നുണ്ട്.

ഒരാളുടെ വരുമാനം എത്രയാണ്, 
, ജീവിതം   എങ്ങനെയാണ് 
എന്നറിയാൻ ഉള്ള കേരള
നാട്ടിൻ പുറത്തെ ജിജ്ഞാസ അനായാസം കഥാകാരൻ വരച്ചിടുന്നു. 
ഈ അന്വേഷണത്തിനും മറ്റും വളരെ  ശുഭ പര്യവസായി ആയ ഒരു റിസൾട്ടും കാണിക്കുന്നു. ഭരണ സംവിധാനം നവീകരിക്കരിക്കപ്പെടുകയും , അതിനു വിഭവങ്ങളുടെ ചോർച്ചകൾ ഇല്ലാതാക്കുകയും വേണം എന്നതാണ് കഥാകാരൻ പറയാൻ ശ്രമിച്ചത് എന്ന് കരുതുന്നു. 

അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ തലയിൽ അധ്വാനിക്കാതെ ജീവിക്കുന്ന ജനങ്ങളുടെ ജീവിത ഭാരം കൂടി ഉണ്ടെന്ന സത്യത്തെ  ഇവിടെ കണ്ട് മുട്ടുകയാണ്. 
പരദൂഷണം എന്ന് നമുക്ക് പരിഹസിക്കാം എങ്കിലും നമ്മുടെ ജീവിത പരിസരങ്ങളിൽ ആളുകളുടെ ജീവിത 
 സ്വഭാവം അറിയുകയും അതിൻ്റെ അടിസ്ഥാനത്തിൽ ജാഗ്രത പുലർത്തണം എന്ന ചിന്ത കൂടി ഉയർന്നു വരുന്നു. കുടിയേറ്റ ഗ്രാമങ്ങളിലെ ഉൽപന്നങ്ങളുടെ വിലയിടിവ് ഒരു ചേരുവയായി മാറുന്നു. പൊളിഞ്ഞു വീഴാറായതും വീണതുമായ വ്യവസ്ഥിതിയുടെ കാര്യസ്ഥന്മാരുടെ  പതനം ഒരു തൊഴിലിലേക്ക് എന്നത് ശുഭപര്യവസായി ആയി. 


പാഠം രണ്ട് : 
അതീവ സങ്കീർണ്ണമായ ഒരു നൈതിക വിഷയം , ധാർമികതയുടെ മുഖവുരയോടെ പറയുന്ന കഥ . ഉന്നതമായ ചിന്തകള് ജീവിതത്തിൽ വെച്ച് പുലർത്തുന്ന ഒരു സ്ത്രീയുടെ തിരഞ്ഞെടുപ്പുകൾ ആണ് പ്രമേയം. "ഞാൻ വലുതായപ്പോൾ , മാഷ് ചെറുതായൊ " എന്ന ചോദ്യത്തിൽ ആ ഔന്നത്യം കോറിയിടുന്നുണ്ട് .
പ്രമേയതിലേക്ക് എത്തി ചേരാൻ ഉപയോഗിച്ച കഥാപാത്ര നിർമിതി അസലായി എന്ന് പറയാനേ തരമുള്ളൂ. സാംസ്കാരിക ഉന്നമനം നേടിയ ഏതൊരു വ്യക്തിയിലും ജൈവികമായ വികാരങ്ങളും , അതിനെ മറികടക്കാൻ കഴിവുള്ള മൂല്യ ബോധവും നിലനിൽക്കുന്നു എങ്കിലും - പലപ്പോഴും തൻ്റെ ജീവ ചോദനകൾക്ക് വശപ്പെട്ടു തീർത്തും ചപലൻ ആയിപ്പോകുന്ന കാഴ്ച സാംസ്കാരിക രൂപങ്ങളിൽ നാം കണ്ടിട്ടുണ്ടല്ലോ. താൻ ആഗ്രഹിക്കാത്ത വിധത്തിൽ താൻ  ഉപയോഗിക്കപ്പെട്ടു എന്ന തിരിച്ചറിവ് നായക കഥാപാത്രത്തിന് ഉണ്ടെങ്കിലും അതിനോടുള്ള തുടർപ്രതികരണം കേവല സ്തബ്ദത മാത്രമാണോ എന്ന്  വായനക്കാർക്ക് ചിന്തിക്കാൻ വിട്ടു കൊടുത്ത് കഥ തീരുന്നു.


#milleniumsundarar #samoohbooks 

No comments: