Total Pageviews

Friday, February 21, 2014

ഓർഡിനറികൾ കുറയ്ക്കും!!,

ഓർഡിനറികൾ കുറയ്ക്കും!!, വീണ്ടും തെറ്റായ ലക്ഷ്യത്തിലേക്ക് ചൂണ്ടുന്ന കെഎസ്ആർടിസി പുനരുദ്ധാരണ പാക്കേജ്!!
 
ഗ്രഹാതുര ഗ്രാമീണ ഓർമകളിൽ, ഒന്നാണ് ആന വണ്ടിയും അതിന്റെ ഉച്ചത്തിലുള്ള ഹോർണ് ശബ്ദവും. പിന്നെ പിന്നെ ആന വണ്ടിയെ വെള്ളാന ആയി കാണിക്കാൻ മുതലാളിപത്രങ്ങൾ കുറെ സ്ഥലം ചിലവഴിച്ചു, ആന വണ്ടിയെ അഴിമതിക്കുള്ള, സ്വജന പക്ഷപാതത്തിനുള്ള ഉപകരണം ആയി, ഭരണ ഉദ്യോഗസ്ഥ വർഗം മാറ്റി. ചില തൊഴിലാളികളും ആലസ്യത്തിലേക്കും കൃത്യ വിലോപത്തിലെക്കും വഴി പിഴച്ചു, അപ്പോൾ ചില വണ്ടികൾ സ്റ്റോപ്പിൽ നിർത്താതെ ആയി, മര്യാദ ഇല്ലാത്ത പെരുമാറ്റങ്ങളും ഉണ്ടായി. ഒരു വശത്ത് സ്വകാര്യ ബസ് മുതലാളിമാർ കൊഴുത്തപ്പോൾ ആന വണ്ടി കഴിവുകേടിന്റെയും കെടുകാര്യസ്ഥതയുടെയും ഉദാഹരണം ആയി ആക്ഷേപം സഹിച്ചു.ദേശസാല്കൃത റൂട്ടുകളിൽ ബസുകൾ കുറച്ചു, അവിടെ ഒക്കെ പ്രൈവറ്റ് ബസുകളെ ജനങ്ങളെ കൊണ്ട് തന്നെ സ്വാഗതം ചെയ്യിച്ചു. വരുമാനം ഉള്ള റൂട്ടുകളിൽ ആനവണ്ടി പതുക്കെ കാണാതെ ആയി, പുതിയ റൂട്ടുകളിൽ വണ്ടി വന്നതും ഇല്ല. സമാന്തര സർവീസുകൾ അധികൃതർ കണ്ണടച്ചപ്പോൾ തഴച്ചു.പെൻഷൻ മുടങ്ങി, ശമ്പളം വർധനവ് വൈകി, കടം പെരുകി. മുതലാളി പത്രങ്ങൾ നഷ്ടം - ഉടൻ പൂട്ടണം, എന്ന് മുറവിളിയും തുടങ്ങി.
 
മറുവശത്ത് ഭൂരിഭാഗം പ്രൈവറ്റ് ബസുകൾ( ചില നല്ല ഉദാഹരണങ്ങളെ മറക്കുന്നില്ല) മൽസര ഓട്ടം നടത്തിയും,കണ്സെഷൻ കൊടുക്കാതെയും,കാത്തു നില്ക്കുന്ന വിദ്യാർഥികളെ കയറ്റാതെയും, പ്രായമുള്ളവരെയും സ്ത്രീകളെയും സാവകാശം കയറാനും ഇറങ്ങാനും സമ്മതിക്കാതെയും, ഞായർ- രാത്രി സമയങ്ങളിൽ തോന്നിയ പോലെ സർവീസ് മുടക്കിയും, ടിക്കറ്റ്വിലകൂട്ടാൻ നിരന്തരം സമരം ചെയ്തും, നിരവധി മരണങ്ങൾ ഉണ്ടാക്കിയും ജനങ്ങളെ ബുദ്ധിമുട്ടിച്ചു. മാന്യമായ കൂലിക്ക് വേണ്ടി തൊഴിലാളിക ൾക്കും പലതവണ പണിമുടക്കേണ്ടി വന്നു. സ്പയർ പാര്ട്ടുകളുടെ വിലവർധനയും, ജനങ്ങൾ സ്വകാര്യ വാഹനങ്ങളിലേക്ക് തിരിഞ്ഞതും ഒക്കെ പ്രൈവറ്റ് ബസുകളെയും പ്രതിസന്ധിയിലാക്കി.പലബസുകളും ഓട്ടം നിർത്തി. പക്ഷെ ഓടുന്ന ഒട്ടുമുക്കാൽ ബസുകളും ആളുകളെ കുത്തി നിറച്ചാണ് ഓടിക്കുന്നത്.
 
ഇപ്പോൾ ഏകദേശം 15,000 പ്രൈവറ്റ് ബസുകളും 5,000 കെ എസ് ആർ ടി സി വണ്ടികളും ആണ് കേരളത്തിലെ ബസ്ഉപയോഗിച്ചുള്ള പോതുഗതാഗതത്തിൽ നിറഞ്ഞു നിൽക്കുന്നത്. മോശമല്ലാത്ത കെ എസ് ആർ ടി സി എണ്ണത്തിന് കഴിഞ്ഞ എൽ ഡി എഫ് സർക്കാരിന്റെ ഒരു വര്ഷം ആയിരം ബസുകൾ എന്ന തീരുമാനം ഉണ്ടാക്കിയ മാറ്റം പലരും ബോധപൂർവ്വം മറക്കുകയാണ്.
എന്നിട്ടും പോതുഗതാഗതത്തിൽ 26 ശതമാനം പങ്കാളിത്തമേ ആനവണ്ടിക്ക് ഉള്ളൂ. അയൽ സംസ്ഥാനങ്ങളിൽ 90 ഇന് മുകളിൽ ആണ് ഇത്.കേരളത്തിലെ ഇപ്പോഴത്തെ അതിവേഗ സർക്കാർ ഒരു പുതിയ ബസുപോലും കെ എസ് ആർ ടി സി ക്ക് കൊടുത്തില്ല. കഴിഞ്ഞ സർക്കാർ വാങ്ങിച്ച ചാസിസുകൾ തുരുമ്പിപ്പിക്കൽ എന്ന സത്കര്മം ചെയ്തതും,
പ്രതിഷേധിച്ച തൊഴിലാളികൾ ശമ്പളം വാങ്ങാതെ ഒരു ബസ് നിർമിച്ചു ഇറക്കി മാതൃക കാണിച്ചതും ഓർമ്മകൾ ആയി നിറയുന്നു.
 
എന്താണ് യഥാർത്ഥത്തിൽ ആന വണ്ടിയുടെ പ്രശ്നം?. വരുമാനം ഉള്ള റൂട്ടുകളിൽ കാര്യക്ഷമം ആയി ഓടാത്തത് തന്നെ!! പുനരുദ്ധാരണം സംബന്ധിച്ച ഒരു വാർത്ത ഇന്ന് കണ്ടു, ദീർഘ ദൂര സർവീസുകൾ തുടങ്ങും, അന്തർസംസ്ഥാന സർവീസുകൾ തുടങ്ങും മുതലായ സ്ഥിരം വാചകമടി. മിക്ക അന്തർസംസ്ഥാന സർവീസുകളും വാരാന്ത്യം, കൂടാതെ അവധി സമയം എന്നീ സമയത്ത് മാത്രമാണ് ആളുകൾ നിറയുന്നത്. സംസ്ഥാനത്തിനുള്ളിൽ നിരവധി മേഖലകൾ ബസ്സൌകര്യം ഇല്ലാതെയും, ഭയാനക തിരക്ക് മൂലവും കഷ്ടപ്പെടുന്നു. പുതിയ ഹ്രസ്വദൂര സർവിസുകൾ എന്ന ആവശ്യവും അവഗണിക്കപ്പെട്ടു
 
 
പിന്നെ കണ്ടത് കെ എസ് ആർ ടി സി ഓർഡിനറി സർവിസുകൾ വെട്ടിച്ചുരുക്കാൻ പോകുന്നുവത്രെ, പുനരുദ്ധാരണ പാക്കേജിൽ ഒരു നിർദേശം അതാണ്. ഓർഡിനറി നഷ്ടത്തിൽ ആകുന്നതു ആളില്ലാതെ/ ആളില്ലാത്ത റൂട്ടുകളിൽ ഓടിക്കുന്നത് കൊണ്ടാണ്. സാമൂഹ്യ ബാധ്യത കൊണ്ടാണ് വരുമാനം കുറഞ്ഞ സർവീസ് നടത്തുന്നത് എങ്കിൽ , സർവീസ് നിർത്തിക്കഴിഞ്ഞാൽ അവിടുത്തെ ജനങ്ങൾ പിന്നെ എന്ത് ചെയ്യും?. സ്വകാര്യ വാഹനങ്ങളിലേക്ക് തിരിയുക, സമാന്തര സർവീസുകളെ ആശ്രയിക്കുക എന്നീ മാർഗങ്ങളിലേക്ക് ജനങ്ങളെ തള്ളി വിടാതെ നഷ്ടം സർക്കാർ ഏറ്റെടുത്തു എല്ലാ മാസവും പണം കൊടുക്കുക ആണ് വേണ്ടത്. ആളില്ലാതെ ഓടുന്ന സെർവീസുകൾ മന്ത്രിമാരുടെയോ എം എൽ മാരുടെയോ നിർദേശം മൂലമാണെങ്കിൽ നഷ്ടം നികത്താൻ അവർ തന്നെ തയാറാകണം. അശാസ്ത്രീയ ഷെഡ്യൂൾ നിമിത്തം നഷ്ടം ആയാൽ വണ്ടി പുനർവിന്യസിക്കുകയാണ് വേണ്ടത്. വരുമാനം ഉള്ള റൂട്ടുകളിൽ പുതിയ സർവിസുകൾ നടത്തുക, പ്രൈവറ്റ് ബസുകളിൽ തിരക്കുള്ള റൂട്ടുകളിൽ ജോലി സമയത്ത് കെ എസ് ആർ ടി സി ഓർഡിനറി ഏർപ്പെടുത്തുക, പുതിയ റൂട്ടുകൾ കണ്ടുപിടിച്ചു സർവീസ് തുടങ്ങുക മുതലായവ ആവശ്യം ചെയ്യേണ്ടതാണ്.
11 മണിക്കും 3 മണിക്കും ഇടയ്ക്കു തിരക്കില്ലാത്തതിനാൽ വണ്ടികൾ കുറയ്ക്കുക മുതലായ കാര്യങ്ങളും പരിഗണന അർഹിക്കുന്നു. എല്ലാവർക്കും ഓരോ 30 മിനുട്ട് കൂടുമ്പോഴും ഇരുന്നുള്ള യാത്രാസൌകര്യം ഉറപ്പാക്കാൻ ആയാൽ അതൊരു വലിയ കേരള മോഡൽ മുന്നേറ്റം ആകും.
 
സുഖപ്രദം ആയ ബസ് സൌകര്യത്തിന്റെ അഭാവവും തിരക്കും ആണ് ജനങ്ങളെ സ്വകാര്യ വാഹനങ്ങളിലേക്ക് തിരിക്കുന്നത്, ഉണ്ടാവുന്ന
ഇന്ധന നഷ്ടം/ മലിനീകരണം രാജ്യത്തിനാണ്. കേരളത്തിൽ അധ്വാനിക്കുന്ന ജനവിഭാഗത്തിന് വേണ്ടി ആന വണ്ടി പുനർക്രമീകരണം നടത്തിയാൽ തന്നെ ലാഭം ഉറപ്പാകും. സാധാരണ ജനങ്ങളും കെ എസ് ആർ ടി സി യും തമ്മിലുള്ള ബന്ധമാണ് ഓർഡിനറി വെട്ടിച്ചുരുക്കുന്നതിലൂടെ ഇല്ലാതാവുന്നത്!. അങ്ങനെ കെ എസ് ആർ ടി സി യുടെ സമൂഹത്തിലുള്ള സ്ഥാനവും ഇല്ലാതാക്കുന്നതിലൂടെ, ആന വണ്ടിയുടെ ശവപ്പെട്ടിയിൽ ആദ്യത്തെ ആണിയും അടിക്കാൻ ആകും.
 
 
കെ എസ് ആർ ടി സി ഓർഡിനറി എന്നാൽ അധ്വാനിക്കുന്നവരുടെ, വരുമാനം കുറഞ്ഞവരുടെ, ബഹുജനങ്ങളുടെ മാന്യമായ സഞ്ചാര മാർഗം ആണ്, അതില്ലാതാക്കരുത്.

No comments: