Total Pageviews

Sunday, September 15, 2024

Sunday school memories

സൺഡേ സ്കൂൾ ആത്മീയ, അക്കാദമിക, കലാ രംഗങ്ങളിൽ മുൻപന്തിയിൽ നിൽക്കാത്ത സാധാരണ കുട്ടികളുടെയും കൂടി ആയിരുന്നു.. അവർ അവിടെ നിന്ന് കണ്ടത് ജീവിതങ്ങളെയാണ്.. പ്രതിഭകൾ അരങ്ങ് വാഴുമ്പോൾ, കാണികൾ ആയും .. അധ്യാപകരുടെ , ആത്മീയ ആചാര്യൻ മാരുടെ പ്രസംഗത്തിന് കൈയടി ശ്രോതാക്കൾ ആയും,

നേതാക്കൾ കാര്യങ്ങൾ തീരുമാനിക്കുമ്പോൾ അണികൾ ആയും .. ഭക്ഷണം കൊടുക്കുമ്പോൾ വിളമ്പുകാരായും, അത് കഴിച്ചു കഴിയുമ്പോൾ സ്ഥലം വൃത്തിയാക്കി യും .. പാച്ചോർ നേർച്ചക്ക് വട്ടയില പറിച്ചും ( പണ്ട് നമ്മൾ go-green ആയിരുന്നു, വിശ്വസിക്കൂ ), കഞ്ഞിക്ക് പ്ലാവില കുമ്പിൾ കുത്തിയും .. അവരും അവിടെ ജീവിച്ചിരുന്നു..

ഇടയ്ക്ക് വർത്താനം പറയുമ്പോൾ എഴുന്നേറ്റ് നിന്നും , വഴക്ക് കേട്ടും.. പള്ളി കോമ്പൗണ്ടിലെ മരങ്ങളിൽ കയറിയും .. കിഴക്ക് വശത്തെ ഞാവൽ , തെക്ക് വശത്ത് നിന്ന ചെറി, പല ഭാഗത്ത് നിന്ന പേര , പടിഞ്ഞാറ് ഇപ്പോഴും നിൽക്കുന്ന മാവ് എന്നിവ പഴങ്ങൾ ..( പച്ച മാങ്ങയും - കഞ്ഞിപ്പുരയിലെ മുളകും , ഉപ്പും കൂട്ടി കഴിച്ചും ) അവരും ജീവിച്ചു..

രുചി ഓർമകൾ ഏറെ ആണ്. വിശ്രുത ഗായകൻ ബിജു ചേട്ടൻ്റെ പറമ്പിലെ ആഞ്ഞിലി ചക്ക  അവകാശം പോലെ കൈക്കൽ ആക്കിയിരുന്നു ( പണ്ടൊക്കെ നാട്ടിലെ എല്ലാ പറമ്പിലെയും പഴങ്ങൾക്ക് കുട്ടികൾക്ക് ഒരു അപ്രഖ്യാപിത അവകാശം നില നിന്നിരുന്നു) .. ബിജു ചേട്ടൻ്റെ പറമ്പിലെ വലിയ പനിനീർ ചാമ്പ അന്നത്തെ സ്റ്റാർ അട്ട്രാക്ഷൻ ആയിരുന്നു.. പിന്നെ ഉള്ള ഒരു പ്രധാന ആകർഷണം വി ബി എസ് റാലി കഴിയുമ്പോൾ ഉള്ള ബ്രെഡും ചിക്കൻ സ്റൂവും ആയിരുന്നു..  പിന്നെ ഇടക്ക് ലഭിക്കുന്ന മധുര പലഹാരങ്ങൾ വലിയ ആകർഷണം ആയിരുന്നു.. ജിജോ ചേട്ടനും, മരിച്ചു പോയ രൺജി ചേട്ടനും ജോലി കിട്ടിയപ്പോൾ ലഡ്ഡു തന്നത് ഇപ്പോഴും ഓർക്കുന്നു.. ( വേറെ ആളുകളും മധുരം തന്നിരുന്നു, പക്ഷേ പേരൊക്കെ വിട്ടു പോയി - വയസ് കൂടുക അല്ലേ ) ..


പണ്ടത്തെ കരോൾ ഒരു വലിയ സംഭവം ആയിരുന്നു, പുലർച്ച വരെ പാടി സൺഡേ സ്കൂൾ ബഞ്ചിൽ ഉറങ്ങി, വീട്ടിൽ പോയ കാലം - അന്ന് കുടിച്ച കട്ടൻ ചായ, പലഹാരങ്ങൾ ഇന്നും ഓർമകൾക്ക്  നനുത്ത ചൂട് തരുന്നു..

ഗ്രാമ അന്തരീക്ഷത്തിൽ ജീവിച്ച സാധാരണ ജീവിതം നയിച്ച കുട്ടികൾക്ക് , മുന്നേ പോകുന്ന ചേട്ടന്മാർ - അധ്യാപകർ - അവരുടെ രീതികൾ , ജീവിത പാതകൾ ഇതെല്ലാം  വഴി കാട്ടി ആയിരുന്നു. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ - " ബിഗ് ലൈഫ് exposure" . ബോബി ചേട്ടൻ പണ്ട് ബാങ്ക് ട്രെയിനിംഗ് ഇല് പഠിപ്പിച്ച ചില കാര്യങ്ങൾ അവതരിപ്പിച്ചത് ഓർക്കുന്നു..

കണ്ടതും , കേട്ടതും, അനുഭവിച്ചതും ജീവിത പാഠങ്ങൾ ആയിരുന്നു എന്ന് ഇന്ന് തിരിച്ചറിയുന്നു..

മുഖ്യധാരയിൽ ഇല്ലാതെ അരിക് പറ്റി പോയവർക്കും ഒത്തിരി സ്മരണകൾ, ജീവിത കാഴ്ചകൾ സമ്മാനിച്ച സൺഡേ സ്കൂളിന് സ്നേഹം അർപ്പിക്കുന്നു..

പേര് പറയാൻ ആഗ്രഹിക്കാത്ത ഒരു പൂർവ്വ വിദ്യാർത്ഥി.

No comments: